Saturday, November 24, 2007

നാത്തൂന്‍ പോര്‌

"അന്തിത്തിരികള്‍ കൊളുത്തേണ്ട കൈകള്‍
അശ്ലീല മുദ്രകള്‍ അഭ്യസിക്കുന്നു.
വിഷ്ണുനാമത്തില്‍ ലയിക്കേണ്ട നാവില്‍
‍ചേര്‍ത്തല പൂരപ്പാട്ടിറ്റു നില്‍ക്കുന്നു.
പുത്തന്‍ പദങ്ങള്‍ തന്‍ പൂരമാകുന്നു.
ശബ്ദതാരാവലി തോറ്റു പോകുന്നു".

കടപ്പാട്‌: ശ്രീകുമാരന്‍ തമ്പി (ഗാനരചയിതാവ്‌)

Tuesday, November 20, 2007

കൊല്ലരുതേ

പരമഹംസ യോഗാനന്ദ എഴുതിയ Autobiography of a Yogi എന്ന ഗ്രന്‌ഥത്തില്‍നിന്ന്

യോഗാനന്ദന്‍, ഗുരുവിന്റെ പക്കലിരുന്ന് പ്രാചീന ഗ്രന്‌ഥങ്ങള്‍ഉടെ വ്യാഖ്യാനം കേള്‍ക്കുകയായിരുന്നു. ഒരു കൊതുക്‌ യോഗാനന്ദന്റെ തുടയില്‍ വന്നിരുന്ന് കുത്തി. അദ്ദേഹം കൊതുകിനെ അടിക്കാന്‍ കൈ ഉയര്‍ത്തി. എങ്കിലും പതഞ്ജലി പറഞ്ഞ അഹിംസയെക്കുറിച്ചുള്ള വിചാരം നിമിത്തം കൊതുകിനെ അടിച്ചില്ല.

ഗുരു ചോദിച്ചു: "യോഗാനന്ദന്‍, താങ്കള്‍ എന്തുകൊണ്ട്‌ ആ പ്രവൃത്തി പൂര്‍ത്തിയാക്കിയില്ല?"

"ഗുരോ,അങ്ങ്‌ അഹിംസയാണോ ഉപദേശിക്കുന്നത്‌?"

"പക്ഷേ,നിങ്ങള്‍ മനസ്സുകൊണ്ട്‌ മാരകമായി അടിച്ചല്ലോ?"

യോഗാനന്ദന്‍ പറഞ്ഞു."അങ്ങു പറഞ്ഞത്‌ എനിക്ക്‌ മനസ്സിലായില്ല.“

ഗുരു തുടര്‍ന്നു: "പതഞ്ജലി അഹിംസകൊണ്ട്‌ ഉദ്ദേശിച്ചത്‌, കൊല്ലാനുള്ള ആഗ്രഹം ഇല്ലാതാക്കാനാണ്‌."

ഹൃദയത്തിലുള്ള ചിന്തയാണ്‌ കൊലപാതകത്തില്‍ കലാശിക്കുന്നത്‌. അന്യരെ കൊല്ലരുത്‌.സ്വയം കൊല്ലരുത്‌. അതായത്‌ ആത്മഹനനം പാടില്ല.

നാം കേരളീയര്‍ എന്തിനു നരഹത്യയ്ക്കും ആത്മഹത്യയ്‌ക്കും പോകുന്നു?

Saturday, November 17, 2007

കളിയും കാര്യവും

ചങ്ങാതിമാരേ!

"ഒരൊറ്റ മുണ്ടേ ഉള്ളെങ്കിലും അതു അഭിമാനത്തോടെ ധരിക്കുക. കുടിലിലാണെങ്കിലും അതില്‍ അഭിമാനത്തോടെ താമസിക്കുക. ഉണക്കചപ്പാത്തിയും പച്ചവെള്ളവുമേ ഉള്ളെങ്കിലും അതു അഭിമാനത്തോടെ കഴിക്കുക."

"കളിയും കാര്യവും" എന്ന ലേഖനത്തില്‍ എ.പി.ഉദയഭാനു മുന്‍പെങ്ങൊ എഴുതിയത്‌ ഇപ്പോള്‍ ഒാര്‍മ്മ വരുന്നു.

ഞാനടക്കമുള്ള മലയാളികള്‍ക്ക്‌ എപ്പോഴും മറ്റുള്ളവരെ അനുകരിക്കാനല്ലേ മോഹം?

Friday, November 9, 2007

പാദമുദ്ര

ചങ്ങാതിമാരേ!
ആദ്യമായിട്ടാണിവിടെ. കുറെ നാളായി തനിമലയാളം ബ്ലോഗ്‌, വായന മാത്രമായിരുന്നു. ഇനി ഇപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കാമെന്ന് നിരൂപിച്ചു. മറ്റുള്ളവര്‍ക്ക്‌ കൊടുത്ത കൈ എനിയ്ക്കും കൂടി താങ്ങായാല്‍, പലതും കേട്ടതും, പലരും കേള്‍ക്കാത്തതും ഞാന്‍ ഇവിടെ പറയാം.