Wednesday, December 5, 2007

അകക്കണ്ണ്‌

ഇംഗ്ലണ്ടിലെ ഡിവോണഷെയര്‍ പ്രഭുവിന്റെ എസ്റ്റേറ്റില്‍ നിരവധി വിലപിടിപ്പുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരുന്നു. വിനോദ സഞ്ചാരികളുടെ ഒരു കൂട്ടം അത്‌ കാണാന്‍ പോയി. ഒരു സ്ത്രീ വളരെ നിശബ്ദയായി ഓരോ ചിത്രത്തിന്റെയും അടുത്തു ചെന്ന് സസൂക്ഷ്മം വീക്ഷിച്ചു. തിരിച്ചു വണ്ടിയിലെത്തിയപ്പോള്‍ അവര്‍ ആ സ്ത്രീയോടു ചോദിച്ചു:"എങ്ങനെയുണ്ടായിരുന്നു പ്രദര്‍ശനം?"

അവര്‍ മറുപടി പറഞ്ഞു:"എന്തൊരു വൃത്തിയാണ്‌. അല്‌പം പോലും പൊടിപിടിച്ചിട്ടില്ല ഒരു ചിത്രത്തിലും".

അവര്‍ മനോഹരമായ ചിത്രം കാണാനല്ല, പൊടിയുണ്ടോ എന്ന് നോക്കാനാണ്‌ സമയം ചെലവിട്ടത്‌. നന്മകാണാന്‍ സാധിക്കാത്തവര്‍ എല്ലായിടത്തും തിന്മയേ കാണൂ. ഓരോ തരത്തിലുള്ള തിന്മ കാണാനണ്‌ അവര്‍ അവരെ ഉറ്റുനോക്കുന്നത്‌.

ജൂലിയസ്‌ സീസറില്‍ ഷേക്സ്‌പീയര്‍ പറയുന്നു:"The fault,dear Brutus,is not in our stars,but in ourselves" (ജനനസമയത്തെ) നമ്മുടെ നക്ഷത്രങ്ങളിലല്ല തിന്മയിരിക്കുന്നത്‌, നമ്മില്‍ തന്നെയാണ്‌. നമ്മുടെ ഉത്തരവാദിത്വം നമ്മുടെ ജാതകത്തില്‍ കെട്ടിവയ്ക്കുന്നത്‌ ശരിയല്ല. കണ്ണുണ്ടായാല്‍ പോര. കാണണം. അതും അകക്കണ്ണുകൊണ്ട്‌.

ബൈബിളില്‍ പറയുന്നു:"കണ്ണാണ്‌ ശരീരത്തിന്റെ വിളക്ക്‌."

ഒഥല്ലോയ്ക്കുണ്ടായ അസൂയ അദ്ദേഹത്തിന്റെ മാനുഷിക ഭാവത്തെ ഇല്ലാതാക്കി മൃഗസഹജമായവ പുറത്തുകൊണ്ടു വന്നു എന്നോര്‍ക്കുന്നത്‌ നന്നായിരിക്കും.

Sunday, December 2, 2007

കോഴിയും താറാവും

കോഴിയുടെയും താറാവിന്റെയും പ്രവര്‍ത്തികള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നോ? കോഴി മുട്ടയിട്ടാല്‍ "കൊക്കരകോ, കൊക്കരകോ" എന്നു കൂകി നാലാളെ അറിയിച്ച്‌ കടന്ന് പോകും. എന്നാല്‍ താറാവ്‌ മിണ്ടാതെ മുട്ടയിട്ട്‌ അതിന്റെ കടമ നിര്‍വ്വഹിച്ച്‌ കടന്ന് പോകും. അതിനാല്‍ നാം നമ്മെത്തന്നെ ഒന്നു വിലയിരുത്തുന്നത്‌ നന്ന്.

ആര്‍.എലയാസര്‍ ബെന്‍ ജേക്കബ്ബിനോട്‌ ഒരു അന്ധന്‍ പറഞ്ഞത്‌ ഇപ്രകാരമായിരുന്നത്രെ:
"കാണാന്‍ സാധിക്കാത്തവനും എന്നാല്‍, കാണപ്പെടുന്നവനുമായ എനിക്ക്‌, താങ്കള്‍ ചെയ്തുതന്ന കാരുണ്യത്തിനു പകരമായി കാണപ്പെടാതിരുന്ന് കാണുന്ന ദൈവം, കൃപയും വരങ്ങളും താങ്കളുടെമേല്‍ ചൊരിയട്ടെ".

മനുഷ്യരാല്‍ കാണപ്പെടാതിരിക്കുകയും എന്നാല്‍,മനുഷ്യരുടെ പ്രവൃത്തികള്‍ കാണുന്നവനുമായ ദൈവത്തിന്റെ പക്കല്‍നിന്നുള്ള പ്രതിഫലമാണ്‌ യഥാര്‍ത്ഥ പ്രതിഫലം.

"നിന്റെ വലതുകൈ ചെയ്യുന്നത്‌ ഇടതുകൈ അറിയാതിരിക്കട്ടെ." വിശുദ്ധ ബൈബിള്‍.

Saturday, November 24, 2007

നാത്തൂന്‍ പോര്‌

"അന്തിത്തിരികള്‍ കൊളുത്തേണ്ട കൈകള്‍
അശ്ലീല മുദ്രകള്‍ അഭ്യസിക്കുന്നു.
വിഷ്ണുനാമത്തില്‍ ലയിക്കേണ്ട നാവില്‍
‍ചേര്‍ത്തല പൂരപ്പാട്ടിറ്റു നില്‍ക്കുന്നു.
പുത്തന്‍ പദങ്ങള്‍ തന്‍ പൂരമാകുന്നു.
ശബ്ദതാരാവലി തോറ്റു പോകുന്നു".

കടപ്പാട്‌: ശ്രീകുമാരന്‍ തമ്പി (ഗാനരചയിതാവ്‌)

Tuesday, November 20, 2007

കൊല്ലരുതേ

പരമഹംസ യോഗാനന്ദ എഴുതിയ Autobiography of a Yogi എന്ന ഗ്രന്‌ഥത്തില്‍നിന്ന്

യോഗാനന്ദന്‍, ഗുരുവിന്റെ പക്കലിരുന്ന് പ്രാചീന ഗ്രന്‌ഥങ്ങള്‍ഉടെ വ്യാഖ്യാനം കേള്‍ക്കുകയായിരുന്നു. ഒരു കൊതുക്‌ യോഗാനന്ദന്റെ തുടയില്‍ വന്നിരുന്ന് കുത്തി. അദ്ദേഹം കൊതുകിനെ അടിക്കാന്‍ കൈ ഉയര്‍ത്തി. എങ്കിലും പതഞ്ജലി പറഞ്ഞ അഹിംസയെക്കുറിച്ചുള്ള വിചാരം നിമിത്തം കൊതുകിനെ അടിച്ചില്ല.

ഗുരു ചോദിച്ചു: "യോഗാനന്ദന്‍, താങ്കള്‍ എന്തുകൊണ്ട്‌ ആ പ്രവൃത്തി പൂര്‍ത്തിയാക്കിയില്ല?"

"ഗുരോ,അങ്ങ്‌ അഹിംസയാണോ ഉപദേശിക്കുന്നത്‌?"

"പക്ഷേ,നിങ്ങള്‍ മനസ്സുകൊണ്ട്‌ മാരകമായി അടിച്ചല്ലോ?"

യോഗാനന്ദന്‍ പറഞ്ഞു."അങ്ങു പറഞ്ഞത്‌ എനിക്ക്‌ മനസ്സിലായില്ല.“

ഗുരു തുടര്‍ന്നു: "പതഞ്ജലി അഹിംസകൊണ്ട്‌ ഉദ്ദേശിച്ചത്‌, കൊല്ലാനുള്ള ആഗ്രഹം ഇല്ലാതാക്കാനാണ്‌."

ഹൃദയത്തിലുള്ള ചിന്തയാണ്‌ കൊലപാതകത്തില്‍ കലാശിക്കുന്നത്‌. അന്യരെ കൊല്ലരുത്‌.സ്വയം കൊല്ലരുത്‌. അതായത്‌ ആത്മഹനനം പാടില്ല.

നാം കേരളീയര്‍ എന്തിനു നരഹത്യയ്ക്കും ആത്മഹത്യയ്‌ക്കും പോകുന്നു?

Saturday, November 17, 2007

കളിയും കാര്യവും

ചങ്ങാതിമാരേ!

"ഒരൊറ്റ മുണ്ടേ ഉള്ളെങ്കിലും അതു അഭിമാനത്തോടെ ധരിക്കുക. കുടിലിലാണെങ്കിലും അതില്‍ അഭിമാനത്തോടെ താമസിക്കുക. ഉണക്കചപ്പാത്തിയും പച്ചവെള്ളവുമേ ഉള്ളെങ്കിലും അതു അഭിമാനത്തോടെ കഴിക്കുക."

"കളിയും കാര്യവും" എന്ന ലേഖനത്തില്‍ എ.പി.ഉദയഭാനു മുന്‍പെങ്ങൊ എഴുതിയത്‌ ഇപ്പോള്‍ ഒാര്‍മ്മ വരുന്നു.

ഞാനടക്കമുള്ള മലയാളികള്‍ക്ക്‌ എപ്പോഴും മറ്റുള്ളവരെ അനുകരിക്കാനല്ലേ മോഹം?

Friday, November 9, 2007

പാദമുദ്ര

ചങ്ങാതിമാരേ!
ആദ്യമായിട്ടാണിവിടെ. കുറെ നാളായി തനിമലയാളം ബ്ലോഗ്‌, വായന മാത്രമായിരുന്നു. ഇനി ഇപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കാമെന്ന് നിരൂപിച്ചു. മറ്റുള്ളവര്‍ക്ക്‌ കൊടുത്ത കൈ എനിയ്ക്കും കൂടി താങ്ങായാല്‍, പലതും കേട്ടതും, പലരും കേള്‍ക്കാത്തതും ഞാന്‍ ഇവിടെ പറയാം.